---
title: "ഇടിമിന്നലിൽ ചമ്പാട് മേഖലയിൽ വ്യാപക നാശം ; ക്ഷേത്രത്തിനും നിരവധി വീടുകൾക്കും കേടുപാട്"
english_title: "Lightning causes widespread damage in the Chambad region; Temple and several houses damaged"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/363373/Lightning causes widespread damage in the Chambad region; Temple and several houses damaged"
published_at: "2026-06-02T14:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1e9ebfb126d_1001263998.jpg"
keywords: ["Lightning", "Chambad", "Damege", "House"]
---

# ഇടിമിന്നലിൽ ചമ്പാട് മേഖലയിൽ വ്യാപക നാശം ; ക്ഷേത്രത്തിനും നിരവധി വീടുകൾക്കും കേടുപാട്

> **Lead Summary:** തിങ്കളാഴ്ച രാത്രി 7.30 ഓടെ പെയ്ത മഴയ്ക്കിടെയുണ്ടായ ശക്തമായ ഇടിമിന്നലിൽ താഴെ ചമ്പാട് മേഖലയിൽ വ്യാപക നാശനഷ്ടം. പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയ ഇടിമിന്നലിൽ താഴെ ചമ്പാട്ടെ കൂവാട്ട് ക്ഷേേത്രത്തിനും സമീപത്തെ നിരവധി വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു.

## Article Content

തിങ്കളാഴ്ച രാത്രി 7.30 ഓടെ പെയ്ത മഴയ്ക്കിടെയുണ്ടായ ശക്തമായ ഇടിമിന്നലിൽ താഴെ ചമ്പാട് മേഖലയിൽ വ്യാപക നാശനഷ്ടം. പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയ ഇടിമിന്നലിൽ താഴെ ചമ്പാട്ടെ കൂവാട്ട് ക്ഷേേത്രത്തിനും സമീപത്തെ നിരവധി വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു.

ഇടിമിന്നൽ പതിച്ച കൂവാട്ട് ക്ഷേത്രവും, പരിസര പ്രദേശവും അക്ഷരാർത്ഥത്തിൽ ഒരു വലിയ സ്ഫോടനം നടന്നതിന്റെ പ്രതീതിയിലായിരുന്നു. ക്ഷേത്രത്തിലെ വൈദ്യുത വയറിംഗ് പൂർണമായും തകരുകയും വൈദ്യുത സംവിധാനങ്ങൾക്ക് സാരമായ കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. ക്ഷേത്ര പരിസരത്തെ കല്ലുകെട്ടി സംരക്ഷിച്ചിരുന്ന അരയാൽത്തറയുടെ ഒരു ഭാഗം പൂർണമായും തകർന്ന നിലയിലാണ്.

ക്ഷേത്രത്തിന് സമീപത്തുള്ള കഴുകപ്പുരയുടെ കൽത്തൂണും ഇടിമിന്നലിന്റെ ആഘാതത്തിൽ ചിതറിത്തെറിച്ചു. തൂണിനുള്ളിലെ ഇരുമ്പ് കമ്പികൾ പുറത്തേക്ക് തെളിഞ്ഞുകാണുന്ന തരത്തിലാണ് നാശനഷ്ടം ഉണ്ടായത്. ഏതാണ്ട് ഒന്നര ലക്ഷത്തോളം രൂപയുടെ നഷ്ടം ക്ഷേത്രത്തിൽ മാത്രം കണക്കാക്കുന്നുണ്ടെന്ന് ക്ഷേത്രകമ്മിറ്റി ട്രഷറർ കെ. ഷിനോദ് പറഞ്ഞു.

കൂവ്വാട്ട് രമേശൻ രഗേഷ് , വിജേഷ്,കുറുക്കൻ വീട്ടിൽ കൗസു,തട്ടാൻ്റവിട ബിജു എന്നിവരുടെ വീടുകളിലെ വയറിംഗുകൾക്കും ഇലക്ട്രോണിക്ക് ഉപകരണങ്ങൾക്കും കേട്പാടുണ്ടായി.

പല വീടുകളിലെയും ടെലിവിഷൻ, ഫ്രിഡ്ജ്, സെറ്റ്-ടോപ്പ് ബോക്സ്, വൈ-ഫൈ റൂട്ടർ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾ പ്രവർത്തനരഹിതമായി. വൈദ്യുത ഉപകരണങ്ങൾക്കുണ്ടായ കേടുപാടുകൾ മൂലം നിരവധി കുടുംബങ്ങൾ സാമ്പത്തിക നഷ്ടവും നേരിട്ടിട്ടുണ്ട്.

സംഭവത്തെ തുടർന്ന് പ്രദേശവാസികളും ക്ഷേത്ര ഭാരവാഹികളും സ്ഥലത്തെത്തി നാശനഷ്ടങ്ങൾ വിലയിരുത്തി. ബന്ധപ്പെട്ട വകുപ്പുകളെ വിവരമറിയിച്ചിട്ടുണ്ടെന്നും, നഷ്ടപരിഹാരത്തിനായുള്ള നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. ആളപായമൊന്നും സംഭവിക്കാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായതായി നാട്ടുകാർ അഭിപ്രായപ്പെട്ടു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/363373/Lightning causes widespread damage in the Chambad region; Temple and several houses damaged)